KeralaNews

കണ്ണൂരിലെ ‘ബ്ലാക്ക് മാൻ’ സിസി ടിവിയിൽ; പുതിയ ‘ഭയപ്പെടുത്തൽ’ രീതികൾ

കണ്ണൂ‍‍ർ‌: ചെറുപുഴയിൽ നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാൻ’ സിസി ടിവിയിൽ. ഇന്നലെ രാത്രി
 പ്രാപ്പൊയിലിലെ ഒരു വീടിൻറെ ചുമരിൽ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയിൽ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളിൽ കരി കൊണ്ട് ബ്ലാക്ക് മാൻ എന്ന് എഴുതിയിരുന്നു. രാത്രിയിൽ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. 

വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ ‘ഭയപ്പെടുത്തൽ’ രീതി. അർധരാത്രി കതകിൽ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയിൽപ്പെടുന്നത്. വീട്ട് ചുമരുകളിൽ വിചിത്ര രൂപങ്ങൾ, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകൾ. കരി കൊണ്ട് വരച്ച ചിത്രങ്ങൾ.

വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ. ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വര. ഇന്നലെ രാത്രിയാണ് ഇയാൾ വീണ്ടും എത്തിയതെന്ന് നാട്ടുകാ‍ർ പറഞ്ഞു. 

പൊലീസുകാരൻറെയും മുൻ പഞ്ചായത്തംഗത്തിൻറെയുമെല്ലാം വീടുകളിൽ കരിപ്രയോഗമുണ്ട്. സ്ക്വാഡെല്ലാമുണ്ടാക്കി നാട്ടുകാരും പൊലീസും തെരച്ചിൽ തുടങ്ങിയിട്ട് ദിവസങ്ങളായി. ആളെ കിട്ടിയിട്ടില്ല. ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും സംശയമുണ്ട്. നേരത്തെ ആലക്കോട് ഭാഗത്തായിരുന്നു അജ്ഞാതൻറെ സഞ്ചാരം. മുഖംമൂടിയിട്ട് അടിവസ്ത്രം മാത്രം ധരിച്ചെത്തി, കതകിൽ മുട്ടലായിരുന്നു പതിവ്.

ടാപ്പ് തുറന്നിടുക, ഉണക്കാനിട്ട തുണികൾ മടക്കി വയ്ക്കുക തുടങ്ങിയവ വേറെയും. എന്നാൽ ഇയാൾ‌ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാ‍ർ പറഞ്ഞു. ഇരുട്ടിലെ അജ്ഞാതൻറെ സാന്നിധ്യം കൊണ്ട് മലയോരത്തുളളവർ ഒറ്റയ്ക്ക് നടക്കാൻ തന്നെ പേടിയിലാണ്. ഇയാളെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button