ജിജേഷെത്തിയത് വെള്ളം ചോദിച്ച്;കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ജിജേഷെത്തിയത് വെള്ളം ചോദിച്ച്, നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ് പിടയുന്ന പ്രവീണയെ

കണ്ണൂർ: കുറ്റ്യാട്ടൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് കൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്കെത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.

കുറ്റ്യാട്ടൂർ ഉരുവച്ചാൽ മലമിൽ റോഡിലെ ‘ഗോവിന്ദം’ വീടിന്റെ വർക്ക് ഏരിയയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞുണ്ടായ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. തീയും പുകയും കണ്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ മുന്നിൽക്കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒ.വി. സുശീലയുടെ മകൻ അജീഷിന്റെ ഭാര്യ പി.പി. പ്രവീണയും ജിജേഷും മാരകമായി പൊള്ളലേറ്റ് പിടയുന്നതാണ് കണ്ടത്.

കൂട്ടനിലവിളി കേട്ട് ഓടിയെത്തിയവർ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആംബുലൻസിൽ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാവിലെ പ്രവീണ മരണത്തിന് കീഴടങ്ങി.

പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണ്. അജീഷിന്റെ കുടുംബം നാലുമാസം മുൻപാണ് തൊട്ടടുത്ത പരേതനായ ടി.കെ. വാസുവിന്റെ വീടായ ‘ഗോവിന്ദ’ത്തിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്.

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

പെട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകമാണ് ജിജേഷ് പ്രവീണയുടെ മേലൊഴിച്ച് തീകൊളുത്തിയത്. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിരുന്നു. ജിജേഷിന്റെ അരക്ക് താഴെയാണ് കാര്യമായി പൊള്ളലേറ്റത്.

സംഭവസ്ഥലത്ത് കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, വളപട്ടണം ഇൻസ്‌പെക്ടർ പി. വിജേഷ്, എസ്ഐ ഇബ്രാഹിം, എഎസ്ഐ കെ.പി. മനു, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി.സംഭവം വിശ്വസിക്കാനായിട്ടില്ല നാട്ടുകാർക്ക്. ബുള്ളറ്റിലെത്തിയെന്ന് പറയുന്ന യുവാവിനെ ഇതിനു മുമ്പ് ആരും കണ്ടതായി ഓർക്കുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News