കൊച്ചി: കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. വി സി പുനര്‍നിയമനം ചോദ്യം ചെയ്താണ് ഹര്‍ജി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണും പരിഗണിക്കും.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടും ചേര്‍ന്നു പോകുന്നതല്ലെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 24ന് കാലാവധി കഴിഞ്ഞതോടെ വി.സിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനര്‍നിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല നിയമനം നടത്തിയത് എന്നായിരുന്നു ഹര്‍ജിയിലെ വാദം.