കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി;സുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്. 21ന് ശിക്ഷാ വിധി പറയും. 

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസിൽ നിർണായക തെളിവായി. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാൻ പാടില്ലെന്നും കോടതി വിമർശിച്ചു.

2020 ഫെബ്രുവരി 17നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിന്റെ ജഡം കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ മകൻ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്നാണ് ശരണ്യ പൊലീസിന് മൊഴി നൽകിയത്. ശരണ്യയെ അറസ്റ്റ് ചെയത് തൊണ്ണൂറാം ദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലും കാമുകന് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ വസ്ത്രങ്ങൾ പരിശോധിച്ച ഫോറൻസിക് സംഘം ഉപ്പിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യത്തെ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിച്ചിരുന്നില്ല.

കുഞ്ഞിനെ കൊല്ലാനുള്ള അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിന് ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു.

ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് പ്രണവ് കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞ് അവരറിയാതെ എവിടെയും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യം മുതൽ അന്വേഷണ ഉദ്യോഗസ്ഥർ.

കൊലയ്ക്കു പിന്നിൽ ഭർത്താവാണെന്ന് ശരണ്യയും ശരണ്യയാകാം കൊലപ്പെടുത്തിയതെന്ന് പ്രണവും പൊലീസിനോടു പറഞ്ഞത് പൊലീസിനെ കുഴപ്പിച്ചു. ശരണ്യയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ പ്രതിയിലേയ്ക്ക് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News