ടൊറന്റോ: കാനഡയിലെ സസ്‌കാച്ചെവാനിൽ കരിങ്കരടിയുടെ (Black Bear) ക്രൂരമായ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നെഞ്ചുലയ്ക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ കണ്ണൂർ സ്വദേശി ഋഷികേശ് കൊലോത്ത് (27) ആണ് വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായി ദാരുണമായി മരണപ്പെട്ടത്.
മെയ് എട്ടിന് വടക്കൻ സസ്‌കാച്ചെവാനിലെ യൂറേനിയം പര്യവേക്ഷണ കേന്ദ്രത്തിൽ ജോലിയുടെ ഭാഗമായി എത്തിയപ്പോഴായിരുന്നു ഋഷികേശിനെ കരടി പതിയിരുന്ന് ആക്രമിച്ചത്. വാൻകൂവർ ആസ്ഥാനമായ യൂറേനിയം എക്സ് ഡിസ്‌കവറി കോർപ്പറേഷന്റെ (Uranium Discovery Corp) ഉടമസ്ഥതയിലുള്ള, സസ്‌കാട്ടൂണിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ വടക്കുകിഴക്കായി നോർഡ്ബൈ തടാകത്തിനടുത്തുള്ള സൂ ബേ പ്രോപ്പർട്ടിയിലാണ് ഋഷികേശ് കോൺട്രാക്ട് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നത്. കാനഡയിൽ കരടികൾ ധാരാളമായി കാണപ്പെടുന്നതും അവ യഥേഷ്ടം വിഹരിക്കുന്നതുമായ കടുത്ത വനപ്രദേശമാണിത്.
ജീവനായി കരടിയോട് പോരാടി; ഒടുവിൽ കീഴടങ്ങി
പര്യവേക്ഷണ കേന്ദ്രത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപ്രതീക്ഷിതമായി എത്തിയ കരിങ്കരടി ഋഷികേശിനെ ആക്രമിക്കുന്നത്. മിക്സ്ഡ് മാർഷൽ ആർട്സ് (MMA) ഫൈറ്ററും ബോക്സിങ് താരവുമായ ഋഷികേശ് തന്റെ ജീവൻ രക്ഷിക്കാനായി കരടിയോട് ദീർഘനേരം കടുത്ത മൽപ്പിടിത്തത്തിൽ ഏർപ്പെട്ടിരുന്നു. ഒരു പ്രൊഫഷണൽ ഫൈറ്റർ ആകണമെന്ന വലിയ ലക്ഷ്യത്തോടെ കാനഡയിലെത്തുകയും കഠിനമായ കായികാഭ്യാസം നടത്തുകയും ചെയ്തിരുന്ന യുവാവായിരുന്നിട്ടും വന്യമൃഗത്തിന്റെ അസാധാരണമായ കരുത്തിന് മുന്നിൽ ഒടുവിൽ അദ്ദേഹത്തിന് കീഴടങ്ങേണ്ടി വന്നു.
ആക്രമണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളിൽ ഒരാൾ തോക്കെടുത്ത് കരടിയെ വെടിവച്ചു വീഴ്ത്തിയെങ്കിലും അപ്പോഴേക്കും ഋഷികേശ് മരണത്തിന് കീഴടങ്ങിയിരുന്നു.
അക്രമണകാരിയാകാൻ കാരണം ശൈത്യകാല നിദ്ര?
പൊതുവെ മനുഷ്യരെ ആക്രമിക്കാൻ മുതിരാത്ത കരിങ്കരടി ഇത്രയും അക്രമാസക്തമാകാൻ കാരണമെന്തെന്ന് കനേഡിയൻ വന്യജീവി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ദീർഘമായ ശൈത്യകാല നിദ്രയ്ക്ക് ശേഷം (Hibernation) സാധാരണയായി ജൂൺ മാസത്തോടെ പുറത്തിറങ്ങുന്ന കരടികൾ കടുത്ത ഭക്ഷണക്ഷാമം നേരിടാറുണ്ട്. ഈ സമയങ്ങളിൽ അവ അതീവ അക്രമണകാരികളായി മാറാൻ സാധ്യതയുണ്ടെന്നും ഇതായിരിക്കാം ഋഷികേസിന് നേരെയുണ്ടായ പെട്ടെന്നുള്ള ആക്രമണത്തിന് പിന്നിലെന്നുമാണ് പ്രാഥമിക നിഗമനം. വടക്കൻ സസ്‌കാച്ചെവാനിലെ ഈ പ്രദേശം കരടികളുടെ പ്രധാന വിഹാരകേന്ദ്രമാണ്. സമാനമായ സാഹചര്യത്തിൽ 2020-ലും ഇതേ പ്രദേശത്ത് വെച്ച് മറ്റൊരാളും കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കം
ഒരു പ്രൊഫഷണൽ ഫൈറ്ററായി മാറണം എന്ന വലിയ സ്വപ്നവുമായാണ് ഋഷികേശ് മൂന്ന് വർഷം മുൻപ് കേരളത്തിൽ നിന്നും കാനഡയിലേക്ക് താമസം മാറ്റിയത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പെന്റിക്ടണിൽ സഹോദരൻ അർജുനൊപ്പമായിരുന്നു ഋഷികേശ് താമസിച്ചിരുന്നത്. എം.എം.എയും ബോക്സിങ്ങും കരിയറാക്കാൻ കഠിനമായി പരിശ്രമിക്കുന്നതിനിടയിലാണ് വന്യമൃഗത്തിന്റെ രൂപത്തിൽ ഈ ദാരുണ ദുരന്തം യുവാവിനെ തേടിയെത്തിയത്.
കൊലപ്പെടുത്തിയ കരടിയുടെ ജഢം വിശദമായ പരിശോധനകൾക്കായി വെസ്റ്റേൺ കോളെജ് ഓഫ് വെറ്ററിനറി മെഡിസിനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ സസ്‌കാച്ചെവാൻ കൺസെർവേഷൻ ഓഫീസർ സർവീസ്, ആർ.സി.എം.പി (RCMP), കൊറോണർസ് സർവീസ് എന്നിവർ സംയുക്തമായി ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കരടിയുടെ ആരോഗ്യസ്ഥിതി, ആക്രമണത്തിന് തൊട്ടുമുൻപുള്ള അതിന്റെ പെരുമാറ്റം, പര്യവേക്ഷണ കേന്ദ്രത്തിൽ ഒരുക്കിയിരുന്ന സുരക്ഷാ സാഹചര്യങ്ങൾ എന്നിവയെല്ലാം വിശദമായ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കി.
English Summary
A 27-year-old Malayali youth, Rishikesh Koloth from Kannur, Kerala, was tragically killed in a brutal black bear attack in northern Saskatchewan, Canada. Rishikesh, who moved to Canada three years ago, was working as a contract technician at a uranium exploration site near Nordbye Lake when the incident occurred on May 8. Being a trained Mixed Martials Arts (MMA) fighter and boxer, Rishikesh put up a fierce fight against the wild animal to save his life, but eventually succumbed to the bear’s immense strength. Although a local resident shot the bear down, Rishikesh had already passed away. Authorities state that bears emerging from hibernation often face food scarcity, making them highly aggressive during this period. Saskatchewan Conservation Officer Service, RCMP, and Coroner’s Service have launched a joint investigation.


