KeralaNews

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് അബദ്ധമല്ല, എല്ലാം ചട്ടപ്രകാരം; ജയിൽ മേധാവിയെ തള്ളി സൂപ്രണ്ട്

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ പേര് ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെട്ടതിൽ പരസ്പര വിരുദ്ധ വാദങ്ങളുമായി ജയിൽ മേധാവിയും കണ്ണൂർ ജയിൽ സൂപ്രണ്ടും. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ജയിൽ മേധാവിയുടെ വാദം തള്ളുകയാണ് ജയിൽ സൂപ്രണ്ട്. ശിക്ഷാ ഇളവിനുള്ള പട്ടിക തയ്യാറാക്കിയത് ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.

2022-ലെ ആഭ്യന്തര വകുപ്പിറക്കിയ ചട്ടം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ടി പി വധക്കേസ് പ്രതികളുടെ പേരുൾപ്പെട്ടിട്ടുണ്ട്. പൊലീസ്, പ്രൊബേഷൻ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ അന്തിമ പട്ടിക നൽകൂവെന്നും ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുക്കിയ പട്ടികയിൽ ടി പി വധക്കേസ് പ്രതികളില്ലെന്നായിരുന്നു ജയിൽ മേധാവി അറിയിച്ചത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിൽ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു.

പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു.

ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിർദേശം.

ഇതിനെതിരെ കെ കെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. . ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്‍. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ലെന്നും കെ കെ രമ പ്രതികരിച്ചിരുന്നു.

ടി പി കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker