തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപകപ്രതിഷേധം. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകൾ അടയ്ക്കാനും ആഹ്വാനം ചെയ്തു.
തിരുവനന്തപുരം തമ്പാനൂരിൽ പ്രതിഷേധക്കാരും അവർ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു.ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഹർത്താൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണം ഉയർത്തിയാണ് പലയിടത്തും കെഎസ്ആർടിസി ബസുകൾ പ്രതിഷേധക്കാർ തടഞ്ഞത്.
കോട്ടയം മുണ്ടക്കയത്ത് ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവ ടൗണിൽ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല.
കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാൻസ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. കോട്ടയം-കുമളി റോഡിൽ പൊൻകുന്നത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഏതാനും മിനിട്ട് നിർത്തിയിട്ടതിന് ശേഷം വിട്ടയച്ചു. സ്വകാര്യബസുകൾ ഓടുന്നില്ല. കെ.എസ്.ആർ.ടി.സിയുടെ എറണാകുളം, കോഴിക്കോട് ബസുകൾ പുറപ്പെട്ടിട്ടുണ്ട്. ഓർഡിനറി സർവീസുകൾ കുറച്ചുമാത്രം ഓടുന്നുണ്ട്.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന്റെ മുന്നിലും വലിയ പ്രതിഷേധമുണ്ടായി. വാഹനങ്ങൾ തടഞ്ഞുവെങ്കിലും പോലീസ് നിർദേശത്തിന് പിന്നാലെ വിട്ടയച്ചു. ഇടുക്കിയിലും പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞ വാഹനങ്ങൾ പോലീസ് എത്തി വിട്ടയച്ചു.
കണ്ണൂർ പഴയങ്ങാടിയിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കാസർകോട് പരപ്പ ചുള്ളിക്കരയിലും കൊല്ലം കുണ്ടറ മുളവനയിലും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു.വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനംചെയ്തിരിക്കുന്ന ഹർത്താൽ രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ്.
നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിലിൽനിന്ന് അവശ്യസേവനങ്ങളെയും തൃശ്ശൂർ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഒഴിവാക്കിയിട്ടുണ്ട്.
നഷ്ടപരിഹാരമായി കുടുംബത്തിന് 10 കോടിരൂപ നൽകുക, കോളേജിന്റെ അംഗീകാരം റദ്ദാക്കുക, വിദ്യാലയങ്ങളിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ നിയമം നടപ്പാക്കുക, കണ്ണൂർ എസ്.പി.യെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളും കൗൺസിൽ ഉന്നയിക്കുന്നു.
English Summary
Widespread protests and road blockades were reported in Kannur district during the hartal called in response to the death of Nithin Raj, a student at Anjarakandy Dental College. Protesters blocked KSRTC buses and private vehicles in various parts of the district and forced shops to shut down. Nithin’s family and classmates allege that harassment from college authorities led to his death and are demanding a high-level investigation. Police have been deployed in large numbers across the district, especially near the college and major town centers, to maintain law and order.


