തോട്ടട: കണ്ണൂർ തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവർ നടത്തിയ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബോംബെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ നാല് പേർ നേരിട്ട് ഇടപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ മൂന്ന് പേർ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മിഥുൻ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
കസ്റ്റഡിയിലുള്ളവരേയടക്കം ചോദ്യം ചെയ്തതിൽ നിന്നും തെളിവുകളുടേയും അടിസ്ഥാനത്തിൽ മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാലുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഒരാൾക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് മനസ്സിലാക്കുന്നത്.
വിവാഹ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിർണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം.
ബാൻഡ്മേളങ്ങളുമായി വധൂവരൻമാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാൾ ഒരു കവറുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ കവറിൽ നിന്ന് സാധനങ്ങളെടുത്ത് മറ്റൊരാൾ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിൽ മിഥുൻ എന്ന് പറയുന്ന ആളെ കൂടി ഇന്ന് രാത്രിയോടെ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് പറയുന്നത്.
ഇവർ സഞ്ചരിച്ച വാഹനത്തിനായും തിരച്ചിൽ നടത്തുന്നുണ്ട്. വെള്ള ടെമ്പോ ട്രാവലറിലാണ് ഇവർ യാത്ര ചെയ്തിരുന്നതെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. ഇതിൽ ഇവരെടുത്ത സെൽഫികളും പുറത്തുവന്നിട്ടുണ്ട്.
ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം. ജിഷ്ണു (26)വാണ ബോംബേറിൽ കഴിഞ്ഞ ദിവസം മരിച്ചത്. ചാല പന്ത്രണ്ട്കണ്ടിയിലെ ഹേമന്ത് (29), രജിലേഷ് (27), ചിറക്കുതാഴെയിലെ അനുരാഗ് (28) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തലതകർന്ന് റോഡിൽത്തന്നെ യുവാവ് മരിച്ചുവീണു. ശരീരാവശിഷ്ടങ്ങൾ തൊട്ടടുത്ത പറമ്പിലുംമറ്റും തെറിച്ചു.
ചാലാട്ടെ വിവാഹസ്ഥലത്ത് ടെമ്പോ ട്രാവലറിലാണ് ഏച്ചൂരിലെ സംഘമെത്തിയത്. അവിടെ പടക്കം പൊട്ടിക്കലും ആഘോഷവുമുണ്ടായിരുന്നു. തിരിച്ച് തോട്ടട അമ്മൂപ്പറമ്പിനടുത്ത് വാൻ നിർത്തി വരന്റെ വീട്ടിലേക്ക് വരുന്ന വഴിയിൽ സ്വീകരിക്കാൻ നിന്ന സംഘത്തെ ലക്ഷ്യംവെച്ചാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടുകയായിരുന്നുവെന്ന് കരുതുന്നു. സ്ഫോടനത്തിനിടെ ഇവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
വരന്റെ സുഹൃത്തുക്കളായ രണ്ടുസ്ഥലത്തുനിന്നുള്ള സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. തോട്ടട ചാല പന്ത്രണ്ട്കണ്ടി ‘സിന്ദൂരം’ വീട്ടിൽ ഷമൽ രാജിന്റെ വിവാഹത്തിനെത്തിയ സംഘത്തിൽപ്പെട്ട ചിലരാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വരന്റെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെയാണ് സംഭവം.
വിവാഹത്തിൽ പങ്കെടുത്ത, ഏച്ചൂരിൽനിന്നുവന്ന യുവാക്കളും ചാല പന്ത്രണ്ട്കണ്ടിയിലെ യുവാക്കളും തമ്മിൽ ശനിയാഴ്ച രാത്രി കല്യാണവീട്ടിൽ തർക്കവും അടിപിടിയുമുണ്ടായിരുന്നു. വീട്ടിൽ പാട്ടുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ഞായറാഴ്ച വിവാഹപ്പാർട്ടിക്ക് പിറകിലായി പടക്കംപൊട്ടിച്ചുംമറ്റും പത്തോളം യുവാക്കളുടെ സംഘമുണ്ടായിരുന്നു. ഇവരിൽ ഏച്ചൂരിൽനിന്നെത്തിയ സംഘത്തിൽ ചിലർ പ്രത്യേക ഡ്രസ്കോഡിൽ ആയിരുന്നു. സംഘത്തിലൊരാളാണ് ബോംബെറിഞ്ഞതെന്നു പറയുന്നു. സ്ഫോടനത്തിനുശേഷം യുവാക്കൾ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ കയറി രക്ഷപ്പെട്ടു.