CrimeKeralaNews

80 പവൻ ചോദിച്ച് പീഡിപ്പിച്ചു,നവവധു ജീവനൊടുക്കി; ഭർത്താവും ഭർതൃമാതാവും റിമാൻഡിൽ

കണ്ണൂര്‍: ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്.

ഒരാഴ്ച മുന്‍പാണ് ഡെല്‍ന ആസ്പത്രിയിലായത്. ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്.

നാലുമാസം മുന്‍പായിരുന്നു വിവാഹം. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.

വിഷം കഴിച്ച ശേഷം ഡെല്‍ന കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സയിലായിരുന്നു.

കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്‌ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെല്‍നയുടെ വീട്ടുകാരില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.

ഇതിനെത്തുടര്‍ന്ന് സനൂപിനും സോളിക്കുമെതിരേ നേരത്തേ കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഡെല്‍ന മരിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമാദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button