മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു.
മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.
കൊച്ചി വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ രണ്ട് വിമാന സർവീസുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. രാത്രി 8.20-ന് പുറപ്പെടേണ്ടിയിരുന്ന സൗദി എയർലൈൻസിന്റെ കൊച്ചി-റിയാദ് വിമാന സർവീസും 11.10-ന് പുറപ്പെടേണ്ടിയിരുന്ന തായ് എയർ ഏഷ്യയുടെ കൊച്ചി-ബാങ്കോക്ക് സർവീസുമാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച അർധരാത്രി 12.40-ന് ഷാർജയിൽനിന്ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന ഐഎക്സ്-351 വിമാനവും ചൊവ്വാഴ്ച പുലർച്ചെ 2.35-ന് കരിപ്പൂരിൽനിന്ന് ഷാർജയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-354 വിമാനവും റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ 9.45-നുള്ള ഐഎക്സ്-352 ഷാർജ സർവീസും റദ്ദാക്കിയിട്ടുണ്ട്

