കോട്ടയം: ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റ്റേഷന് താത്കാലികമായി അടച്ചു. സ്റ്റേഷനിലെ 38 ജീവനക്കാര്‍ നിലവില്‍ കൊവിഡ് പോസിറ്റീവാണ്.
45 ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. ശേഷിക്കുന്നവരും കോവിഡ് പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. ഇവരില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്. സ്റ്റേഷന് അടച്ചതോടെ താത്കാലികമായി പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
രോഗം പിടിപെട്ടവരില്‍ പലരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരും മുന്‍പ് കോവിഡ് വന്നുപോയവരുമാണ്. ഇത്രവലിയ തോതില്‍ സ്റ്റേഷനില്‍ എങ്ങനെ രോഗവ്യാപനമുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയരായത്.