ചണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു.പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെ എന്ന് കങ്കണ പ്രതികരിച്ചു.
കര്‍ഷക സമരത്തിനെതിരെ നിരവധി തവണ കങ്കണ രംഗത്തുവന്നിട്ടുണ്ട്. കങ്കണയുടെ വിവാദ പ്രസ്താവനകള്‍ക്കെതിരെ കര്‍ഷകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം രേഖപ്പെടുത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശമാണ് അവസാനത്തേത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച നടപടി നാണക്കേടായി പോയെന്നാണ് കങ്കണ പ്രതികരിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. ഇങ്ങനെ പിന്‍വലിക്കണം എന്നാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നുമാണ് കങ്കണ അന്ന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
വിവാദ പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം നിലനില്‍ക്കേയാണ് പഞ്ചാബില്‍ വച്ച് കങ്കണയുടെ വാഹനം തടഞ്ഞത്. കര്‍ഷകര്‍ കാര്‍ ആക്രമിച്ചതായി കങ്കണ ആരോപിച്ചു. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി വന്നേനെ. ഇവരെ കുറിച്ച് ഓര്‍ത്ത് നാണം തോന്നുന്നുവെന്നും കങ്കണ പ്രതികരിച്ചു. അതേസമയം വിവാദ പ്രസ്താവനകളുടെ പേരില്‍ കര്‍ഷകരോട് കങ്കണ മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Kangana Ranaut apologizes to protesting Farmers at Chandigarh highway and says ‘Kisan Ekta Zindabad’#FarmersProtest pic.twitter.com/nnXiEipdBr
— Aditya Goswami (@AdityaGoswami_) December 3, 2021