വസ്ത്രങ്ങള്‍ പോലെ സ്ത്രീകളെ മാറ്റി, ഉറ്റസുഹൃത്തുക്കളാണെന്ന് പറയുന്ന ഒന്നിനും കൊള്ളത്തവന്മാരോട് ദയ കാണിക്കരുത്; സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കങ്കണ

മുംബൈ: തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ പോകുന്ന കാര്യം സ്ഥിരീകരിച്ചതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ബോളിവുഡിലെ ‘വിവാഹമോചന വിദഗ്ധനുമായി’ ചൈതന്യ അടുത്ത ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് വിവാഹമോചനം സംഭവിച്ചതെന്നാണ് കങ്കണയുടെ വാദം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ അഭിപ്രായപ്രകടനം.

‘വിവാഹമോചനം എപ്പോഴൊക്കെ സംഭവിക്കുന്നുവോ അത് പുരുഷന്റെ തെറ്റായിരിക്കും. ഞാന്‍ യാഥാസ്ഥിതികയാണെന്നോ മുന്‍വിധിയെഴുതുന്നവളാണെന്നോ തോന്നാം, പക്ഷേ ദൈവം പുരുഷനെയും സ്ത്രീയെയും അവരുടെ സ്വഭാവത്തെയും സൃഷ്ടിച്ചത് ഇങ്ങനെയാണ്,” കങ്കണ പറഞ്ഞു. വിവാഹമോചനം നടത്തുന്ന പുരുഷന്‍ ഒരു വേട്ടക്കാരനാണെന്നും കങ്കണ പറഞ്ഞു.

വസ്ത്രങ്ങള്‍ പോലെ സ്ത്രീകളെ മാറ്റുകയും പിന്നീട് അവരെ തങ്ങളുടെ ഉറ്റസുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യുന്ന ഒന്നിനുംകൊള്ളാത്തവരോട് ദയകാണിക്കുന്നത് നിര്‍ത്തണമെന്നും നൂറില്‍ ഒരു സ്ത്രീക്ക് തെറ്റുപറ്റിയേക്കാം എന്നും കങ്കണ പറഞ്ഞു. മാധ്യമങ്ങളും ആരാധകരും പുരുഷന്മാരെ അഭിനന്ദിക്കുകയും സ്ത്രീകള്‍ക്കെതിരെ വിധിയെഴുതുകയും ചെയ്യുകയാണെന്നും കങ്കണ പറഞ്ഞു.

”ഇത്തരം ഒന്നിനും കൊള്ളാത്തവന്മാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും പ്രോത്സാഹനം ലഭിക്കുന്നത് നാണക്കേടായി തോന്നുന്നു,” അവര്‍ പറഞ്ഞു. മുമ്പെങ്ങുമില്ലാത്തവിധം വിവാഹ മോചനങ്ങള്‍ വളരുകയാണെന്നും കങ്കണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

”ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ഈ സൗഹൃദം ഇനിയങ്ങോട്ടും തുടരുമെന്ന് വിശ്വസിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” എന്നായിരുന്നു സാമന്ത പറഞ്ഞത്.

ഇതേ കുറിപ്പ് തന്നെ നാഗചൈതന്യയും തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. 2017ലായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇപ്പോള്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News