കാനം രാജേന്ദ്രന്റെ കുടുംബത്തെ മറന്ന് സിപിഐ; അതൃപ്തി പരസ്യമാക്കി മകന്‍

തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ നടന്ന പരിപാടിയിലേക്ക് അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളെ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മകന്‍ സന്ദീപ് രാജേന്ദ്രന്‍. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മുന്‍ നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്.

പാരിപാടിയില്‍ കാനത്തെ മറന്നു എന്ന് ഒരു പാര്‍ട്ടി അനുഭാവി പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ കമന്റായിട്ടാണ് കാനത്തിന്റെ മകന്‍ തങ്ങളെ ക്ഷണിക്കാത്ത കാര്യം പരസ്യമാക്കിയത്. അസൗകര്യം മൂലമാണ് കാനത്തിന്റെ കുടുംബം പരിപാടിയിലേക്കെത്താതിരുന്നത് എന്ന് വേദിയില്‍ അറിയിപ്പുണ്ടായിരുന്നുവെന്നും ഇത് വസ്തുതാ വിരുദ്ധമാണെന്നും സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കാനത്തിന്റെ ഭാര്യക്ക് എത്താന്‍ കഴിയാതിരുന്നത് എന്ന് മന്ത്രി ജി.ആര്‍.അനിലാണ് പരിപാടിയില്‍ പറഞ്ഞത്.

‘ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തത് എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ ഞങ്ങള്‍ എങ്ങനെ അസൗകര്യം പറയും? ബിനു മാഷിന്റെ പോസ്റ്റില്‍ ഞാന്‍ ഏറെ വിഷമത്തോടുകൂടി ഇക്കാര്യങ്ങള്‍ എഴുതി എന്നേയുള്ളൂ’സന്ദീപ് രാജേന്ദ്രന്റെ പ്രതികരണത്തില്‍ പറയുന്നു.

ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചിരുന്നുവെന്നും ഒരു ആശയ കുഴപ്പമുണ്ടായെന്ന് അദ്ദേഹം പറഞ്ഞതായും സന്ദീപ് രാജേന്ദ്രന്‍ പ്രതികരിച്ചു. ‘പത്ത് കത്തുണ്ടായിരുന്നു. ഞാന്‍ ഒപ്പിട്ട് കൊടുത്തിരുന്നു. ജില്ലാ കമ്മിറ്റിയാണ് വിളിക്കേണ്ടിയിരുന്നത്. അവര്‍ വിളിച്ചെന്നാണ് ഞാന്‍ കരുതിയത്’ ഇങ്ങനെയാണ് ബിനോയ് വിശ്വം പറഞ്ഞതെന്ന് സന്ദീപ് പറഞ്ഞു.

എന്നാല്‍ തങ്ങളോട് വിളിക്കാന്‍ പറഞ്ഞവരെ വിളിച്ചിട്ടുണ്ടെന്നാണ് ജില്ലാ കമ്മിറ്റിക്കാര്‍ പറഞ്ഞതായും സന്ദീപ് കൂട്ടിച്ചേര്‍ത്തു. മുന്‍ സംസ്ഥാന സെക്രട്ടറിമാരുടെ കുടുംബാംഗങ്ങളെ വിളിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News