തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. വന്നേക്കും. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായംകൂടി പരിഗണിച്ചാകും തീരുമാനം.
കാനത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ചുമതല ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബു, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.പി. സുനീർ, ഇ. ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് നടത്താൻ സംസ്ഥാന നിർവാഹകസമിതി തീരുമാനിച്ചത്. ഈ ക്രമീകരണം ദേശീയനേതൃത്വവും പരിഗണിക്കും.
ബിനോയിയെ സെക്രട്ടറിയാക്കുന്നതിനാണ് സംസ്ഥാനഘടകത്തിലും മുൻതൂക്കം. ആറുമാസത്തിനകം അദ്ദേഹം എം.പി. കാലാവധി പൂർത്തിയാക്കും. കാനത്തിന്റെ ആഗ്രഹംകൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് സംസ്ഥാന ഘടകത്തിന്റെ ചുമതല നൽകിയതെന്നതിനാൽ സെക്രട്ടറിസ്ഥാനത്തേക്ക് മറ്റൊരുപേര് ഉയർന്നുവരാൻ ഇടയില്ല.
ദേശീയ സെക്രട്ടേറിയറ്റ് അംഗമെന്നനിലയിൽ ബിനോയിയുടെ പ്രവർത്തനം സംസ്ഥാനതലത്തിലേക്ക് മാറ്റുന്നതിൽ ദേശീയനേതൃത്വത്തിന് എതിർപ്പുണ്ടെങ്കിൽ മാത്രമാകും മറ്റൊരുപേര് ചർച്ചയിലെത്തുക. അങ്ങനെവന്നാൽ കെ. പ്രകാശ് ബാബുവിനാണ് സാധ്യത.