31.1 C
Kottayam
Saturday, May 18, 2024

വയസ് 50 ആയി,കനകയ്ക്ക് സിനിമയിലേക്ക് മടങ്ങി വരണം

Must read

കൊച്ചി:കനക എന്ന് പേര് മലയാളികളാരും മറന്നിട്ടുണ്ടാകില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന കനക വളരെപ്പെട്ടെന്നാണ് വെള്ളിവെളിച്ചത്തില്‍ നിന്നു മറഞ്ഞത്.2000ല്‍ റിലീസ് ചെയ്ത ഈ മഴ തേന്‍മഴ എന്ന മലയാള ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് അവര്‍. ഒരു സെല്‍ഫി വീഡിയോയിലാണ് കനക തന്റെ ആഗ്രഹം അറിയിച്ചത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യര്‍ത്ഥിക്കുന്നു.

20 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ നിന്നു അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കനകയ്ക്ക് കാന്‍സര്‍ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയില്‍ ചിലത്.

കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തര്‍ക്കവും വിവാദമായിരുന്നു. അച്ഛന്‍ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും അമ്മയെ തന്നില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നുവെന്നും കനക തുറന്നടിച്ചിരുന്നു. പിന്നീട് കനകയ്ക്കെന്ത് സംഭവിച്ചുവെന്നുള്ള ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് വിരാമമായാണ് നടിയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്. രണ്ട് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന കനകയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

കനകയുടെ വാക്കുകള്‍

‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോള്‍ 50 വയസിനടുത്തായി. കാലം ഒരുപാടു മാറി ഞാന്‍ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങള്‍, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാന്‍ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താല്‍ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാന്‍ കഴിയൂ. ഇതിനിടയില്‍ ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങള്‍ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.’

ചെറിയ പ്രായത്തില്‍ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ഒരുപാടുനാള്‍ എടുത്തേക്കും. മനസില്‍ ആഗ്രഹം ഉണ്ടെങ്കില്‍ എന്തും പെട്ടെന്ന് പഠിക്കാന്‍ കഴിയും എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലെങ്കില്‍ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോള്‍ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.’

‘എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാന്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമര്‍ശനവും എന്നെ അറിയിക്കാന്‍ മടിക്കേണ്ട. നിങ്ങളുടെ വിമര്‍ശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും. നമ്മെ ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ’- കനക വീഡിയോയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week