ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ പ്രചാരണ വിഡിയോ പുറത്തിറക്കി നടനും പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന്. ചെന്നൈയിലെ മറീന ബീച്ചിലുള്ള ഗാന്ധി പ്രതിമയുടെ സമീപത്തു നിന്ന് കമല്‍ ഹാസന് സംസാരിക്കുന്ന രീതിയിലാണ് വിഡിയോ. സമൂഹമാധ്യമങ്ങളില്‍ ഈ പ്രചരണ വിഡിയോ വൈറലാണ്.
രാജ്യത്ത് കൊലയും കൊള്ളയും അക്രമവുമൊക്കെ വര്‍ധിച്ചു എന്ന് കമല്‍ ഹാസന് പറയുന്നു. പെട്രോള്‍ വില കുതിക്കുകയാണ്. ധന് ധനാ ധന് എന്നാണ് വില ഉയരുന്നത്. തെരുവിലിറങ്ങി സത്യഗ്രഹം ചെയ്യാമെന്ന് വെച്ചാല്‍ റോഡാകെ കുണ്ടും കുഴിയുമാണ്.
അംബേദ്കര്‍ നല്കിയ ഭരണഘടന നമ്മളെ സംരക്ഷിക്കുമെന്ന് കരുതിയാല്‍, മുകളിലൊരാള്‍ എന്ത് പറയണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ചിന്തിക്കണമെന്നും പറയുന്നു. ഭൂപടത്തില്‍ മുകളിലായതിനാല്‍ നിങ്ങളാണ് മുകളിലെന്ന് കരുതരുതെന്നും അദ്ദേഹം പറയുന്നു. ഈ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് വരണമെങ്കില്‍ മക്കള്‍ നീതി മയ്യത്തിനു വോട്ട് നല്‍കണമെന്നും വിഡിയോയില്‍ സൂചിപ്പിക്കുന്നു.