‘അന്ന് നോട്ടുനിരോധനം, ഇന്ന് ആര്‍ട്ടിക്കിള്‍ 370’; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍
ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞിരിക്കുകയാണ്. അങ്ങേയറ്റം ഏകാധിപത്യപരവും പ്രതിലോമകരവുമായ നടപടിയാണിതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ മാറ്റണമെങ്കില്‍ കൂടിയാലോചനകളുണ്ടാവണം. പക്ഷെ പ്രതിപക്ഷത്തെ പോലും അടുപ്പിക്കാതെ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണുണ്ടായത്. കശ്മീര്‍ വിഷയത്തില്‍ രാജ്യമാകെ കനത്ത പ്രതിഷേധം ഉയരുന്നതിനിടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്നലെയാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുണ്ടായത്.രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്.