CrimeNationalNews

‘പഠിക്കാത്ത കുട്ടിയെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കുന്നു, സഹിക്കാന്‍ പറ്റുന്നില്ല’; കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്

ചെന്നൈ: കള്ളക്കുറിച്ചിയില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അദ്ധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസേലത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ രസതന്ത്രത്തില്‍ കുറെ സമവാക്യങ്ങളുണ്ട്, അത് പഠിക്കാന്‍ തനിക്ക് കഴിയുന്നില്ല. രസതന്ത്രം അദ്ധ്യാപിക തന്നെ സമ്മര്‍ദ്ധത്തിലാകുന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

രസതന്ത്രം അദ്ധ്യാപിക എന്നെ സമ്മര്‍ദ്ദത്തിലാക്കുകയും, വഴക്കുപറയുകയും ചെയ്യുന്നു. ഒരു ദിവസം രസതന്ത്രം അദ്ധാപിക കണക്ക് അദ്ധ്യാപികയോട് ഞാന്‍ പഠിക്കില്ലെന്ന് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് എന്നെ വഴക്ക് പറയുന്നു. എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരിലൊരാള്‍ ഞാന്‍ ഒന്നും പഠിക്കില്ലെന്ന് എല്ലാവരോടും പറഞ്ഞു.

ഇന്ന് രാവിലെ, എന്താണ് ഒന്നും പഠിക്കാത്തതെന്ന് ചോദിച്ച ഒരു അദ്ധ്യാപിക ഞാന്‍ എപ്പോഴും കളിയാണെന്ന് പറഞ്ഞു. കണക്ക്, രസതന്ത്രം അദ്ധ്യാപികമാര്‍ എന്നെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. എന്നോട് മാത്രമല്ല, കണക്ക് അദ്ധ്യാപിക എല്ലാവരോടും ഇങ്ങനെയാണ്’, ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഈ വര്‍ഷത്തെ ഫീസ് തന്റെ മാതാവിന് തിരികെ നല്‍കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നുണ്ട്. കുറച്ച് ദിവസം മാത്രമാണ് താനുണ്ടായിരുന്നത് അതുകൊണ്ട് ബുക്കുകളുടെ തുകയും, ഹോസ്റ്റല്‍ ഫീസും ഉള്‍പ്പടെ തിരികെ നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

മാതാപിതാക്കളോടും, സുഹൃത്തുക്കളോടും കുട്ടി ക്ഷമ ചോദിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. സംഭവത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പടെ പരുക്കേറ്റു.

മൂന്നൂറിലധികം പേരെയാണ് ഇതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാനുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. വിദ്യാര്‍ത്ഥിനിയുടെ അച്ഛനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button