വില്‍സണെ വെടിവയ്ക്കുന്നതിന് മുമ്പ് വെട്ടി; വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് വന്നു
തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐ വില്‍സണെ വെടിവയ്ക്കുന്നതിന് മുമ്പ് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലില്‍ ഉള്‍പ്പെടെ രണ്ട് തവണയാണ് വെട്ടിയത്. തൊട്ടടുത്തുനിന്നാണ് വില്‍സണെ വെടിവച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. നാല് തവണയാണ് വില്‍സണുനേരെ പ്രതികള്‍ നിറയൊഴിച്ചത്. രണ്ട് വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്തുവന്നു. മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരു വെടിയേറ്റത് വയറ്റിലുമാണ് തുളച്ചുകയറിയത്.
ഇതിനിടെ കേസില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരും പൂന്തുറ സ്വദേശി റാഫിയുമാണ് പിടിയിലായത്. പാലക്കാട് നിന്നാണ് സെയ്ദിനേയും അബ്ബാസിനെയും തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്ന് റാഫിയേയും കസ്റ്റഡിയിലെടുത്തു. എഎസ്‌ഐ വില്‍സണെ വധിച്ചവരുമായി കസ്റ്റഡിയിലായവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ തമിഴ്‌നാട് ക്രൂബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.