കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പിടിയിലായ ഡൊമിനിക് മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മാർട്ടിന്റെ അറസ്റ്റ് കൂടുതൽ പരിശോധനകൾക്ക് ശേഷമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഡൊമിനിക് മാർട്ടിന്‍റെ ചോദ്യം ചെയ്യൽ കളമശ്ശേരി എ.ആർ. ക്യാംപിലാണ് നടക്കുന്നത്.
സംസ്ഥാന പൊലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് കൂടുതൽ അന്വേഷിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിൽ എത്തും.
അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ മരണം മൂന്നായി. 95 % പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി ലിബിന മരിച്ചു. കാലടി മലയാറ്റൂർ സ്വദേശിയാണ്. രാത്രി 12.40നാണ് ലിബിനയുടെ മരണം സ്ഥിരീകരിച്ചത്.
ആദ്യം മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു.കയ്യിൽ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകൾ ഇന്ന് കൊച്ചിയിലെത്തിയശേഷം
മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറയുന്നു.
60കാരിയായ ലയോണ പൗലോസ് ഒറ്റക്കാണ് പ്രാർത്ഥന കൂട്ടായ്മയ്ക്ക് എത്തിയത്. തൊടുപുഴ കാളിയാർ
സ്വദേശിയായ കുമാരിക്കും സ്ഫോടനത്തിൽ ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റ 52 പേരിൽ 16 പേർ ഐസിയുവിൽ
തുടരുകയാണ്.
ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഇതിനിടെ, സംശയാസ്പദമായ സാഹചര്യത്തിൽ
കൺവെൻഷൻ സെന്‍റർ പരിസരത്ത് കണ്ട പത്തനംതിട്ട സ്വദേശി സന്തോഷ് എബ്രഹാമിനെതിരെ പൊലീസ്
കേസെടുത്തു. കുമാരിയുടെ മൃതദേഹം രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.