സുരേഷ് ഗോപിക്ക് വേണ്ടി സ്വാധീനിക്കാന്‍ ശ്രമം: ആ ഗോപിയല്ല, ഈ ഗോപിയെന്ന് ഗോപി ആശാന്റെ മകന്‍

തൃശ്ശൂർ: കേരളത്തില്‍ ഇത്തവണ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂർ. വിജയിച്ചാല്‍ തൃശ്ശൂരിനൊരു കേന്ദ്ര മന്ത്രിയെന്ന നിലയിലാണ് ബി ജെ പി പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. പാർട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സ്വന്തമാക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നും ബി ജെ പി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു

പാർട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹാരിക്കാനായി പ്രത്യേക തന്ത്രങ്ങളും ബി ജെ പി മെനയുന്നുണ്ട്. സാംസ്കാരിക രംഗത്തും പൊതുമണ്ഡലത്തിലും പ്രശസ്തരായവരെ നേരില്‍ കണ്ട് സഹായം അഭ്യർത്ഥിക്കുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ് രംഗത്ത് വരുന്നത്.

‘ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്.’ എന്നും രഘുരാജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

സുരേഷ് ഗോപിക്ക് വേണ്ടി പല വി ഐ പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്.നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുത്. (പ്രശസ്തനായ ഒരു ഡോക്ടര്‍ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാന്‍ പറ്റാത്ത ഡോക്ടര്‍. അച്ഛന്‍ എന്നോട് പറഞ്ഞോളാന്‍ പറഞ്ഞു ഞാന്‍ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാന്‍ അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്.

ഞാന്‍ പറഞ്ഞു. അത് മുതലെടുക്കാന്‍ വരരുതെന്ന്. അത് ആശാന്‍ പറയട്ടെന്ന്. അവസാനം അച്ഛന്‍ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോള്‍ ഡോക്ടര്‍ ആശാന് പത്മഭൂഷണ്‍ കിട്ടണ്ടേന്ന്. അച്ഛന്‍ അങ്ങനെ എനിക്ക് കിട്ടണ്ടെന്ന്) ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കുട്ടിയാല്‍ മതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News