കൊച്ചി:നടന്‍ പൃഥ്വിരാജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ പൃഥ്വിരാജ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അദേഹം ഉയര്‍ത്തി.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം പറഞ്ഞു.
72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് ഏന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്.
ഇപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്ക് ഞാന്‍ പോര എന്ന മട്ടുണ്ട്. ഇവര്‍ പലരും സൂപ്പര്‍ താരങ്ങളായത് ഞാന്‍ എഴുതിയ പാട്ടിലൂടെയുമാണ്. പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് എനിക്ക് ജയരാജിനേയും ലോഹിതദാസിനേയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല.
ഓര്‍മിക്കുന്ന ആളാണ് ഞാന്‍. അതാണ് എന്റെ ബലം. ഈ ഓര്‍മ ഇല്ലെങ്കില്‍ എനിക്ക് ഒന്നും എഴുതാന്‍ പറ്റില്ല. ആരും വിളിക്കണമെന്ന് എനിക്ക് മോഹമില്ല. വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എന്റെ ഇടത്തേ കൈയ്യേ തളര്‍ന്നിട്ടുള്ളൂ. വലത് കൈയ്ക്ക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും കൈതപ്രം പറഞ്ഞു.
നേരത്തെയും പൃഥ്വിരാജിനെതിരെ ഗുരുതര ആരേപണങ്ങള്‍ കൈതപ്രം ഉയര്‍ത്തിയിരുന്നു. ഒരിക്കല്‍ ഞാന്‍ നടന്‍ പൃഥ്വിരാജിനോട് കഥ പറയാന്‍ പോയി. അയാളുടെ പല ലൊക്കേഷനിലും പോയി. എന്നാല്‍ എന്റെ കഥ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല, മാത്രമല്ല എന്നെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും തയാറായിരുന്നില്ല. മോഹന്‍ലാല്‍ , മമ്മൂട്ടി പോലുള്ള നടന്‍മാര്‍ക്ക് നല്‍കാവുന്ന രീതിയിലുള്ള മുഴുനീളന്‍ കഥാപാത്രമായിരുന്നില്ല ആ സിനിമയില്‍ കൈതപ്രം പറഞ്ഞു.