കൊച്ചി:സിനിമാ പാട്ടുകള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്ന് ഗാനരചയ്താവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഹരീഷ് ശിവരാമകൃഷ്ണനെ പോലുള്ള ഗായകന്‍മാര്‍ പാട്ടിനെ വലിച്ചു നീട്ടുന്ന പ്രക്രിയയോട് തനിക്ക് താത്പര്യമില്ല. കുറേ സംഗതികളൊക്കെ ഇട്ട് പാട്ട് പാടുന്നത് ശരിക്കും അവര്‍ കാണിക്കുന്ന സാഹസമാണെന്നും കൈതപ്രം പറഞ്ഞു.ദേവാങ്കണങ്ങളും, ദേവിയുമെല്ലാം പലരു ട്യൂണ്‍ മാറ്റി പാടുന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമെന്താണെന്ന ചോദ്യത്തിനായിരുന്നു മറുപടി. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സിനിമാ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തില്‍ നിന്നാണ്. ആ ചതുരത്തില്‍ നിന്ന് പുറത്തുപോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. വളരെ ചുരുങ്ങിയ സമയത്തില്‍ പാടിത്തീര്‍ക്കണം. ശരിക്കും ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവുമെന്ന് കൈതപ്രം പറയുന്നു. അതേസമയം ഇത്തരത്തില്‍ സംഗതിയിട്ട പാട്ടുകള്‍ കേട്ട് ആരെങ്കിലും അവര്‍ ദാസേട്ടനേക്കാള്‍ വലിയ ഗായകനാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശുദ്ധ മണ്ടത്തരമാണെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.
കൈതപ്രത്തിൻ്റെ വാക്കുകളിങ്ങനെ:
‘അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ചു നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം പാടിയ രംഗപുര വിഹാര പോലുള്ള ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം. ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവും.
സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷെ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളു എന്ന് മനസിലാക്കണം. ഈ പാട്ട് കേട്ട് ദാസേട്ടനെക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധമണ്ടത്തരമാണ്. അതിനാല്‍ ദേവാങ്കണങ്ങള്‍ കൈവിട്ട് പാടിയാല്‍ എനിക്ക് അത് ഇഷ്ടപ്പെടില്ല. അത്രമാത്രം.’
ഹരീഷ് ശിവരാമകൃഷ്ണന്റെ പാട്ടുകള്‍ക്ക് ഇതിനു മുമ്പും ഇത്തരം വിമര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഹരീഷ് കവര്‍ സോങ്ങിനെ കുറ്റം പറയുന്നവരെ കുറിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കവര്‍ സോങ് എന്ന് കേക്കുമ്പോ കുരുപൊട്ടുന്ന മാമന്മാര്‍ ഉള്ളേടത്തോളം കാലം ഇനീം ഇനീം കവറുകള്‍ പാടി കൊണ്ടേ ഇരിക്കും. സ്വതന്ത്ര ഒറിജിനല്‍ പാട്ട് കേട്ടു ആസ്വദിക്കുന്നവര്‍ക്ക് വേണ്ടി ഒരുപാട് ഒറിജിനല്‍ ഗാനങ്ങള്‍ സൃഷ്ടിക്കപ്പെടും. അവര്‍ അത് കേള്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമെന്നാണ് ഹരീഷ് കുറിപ്പില്‍ പറയുന്നത്.
പാട്ടിന്റെ സൃഷ്ടാവിന് എതിര്‍ അഭിപ്രായങ്ങളില്ലെങ്കില്‍ കവര്‍ സോങ്ങുകള്‍ പാടുന്നത് തുടരും. ഇനി സൃഷ്ടാവ് തന്റെ പാട്ടുകള്‍ പാടേണ്ട എന്ന് പറയുകയാണെങ്കില്‍ താന്‍ പാടില്ലെന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.