മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ മഞ്ചേരി അതിവേഗ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷാ വിധിക്കാനിരിക്കെയാണ് പാലക്കാട് ജയിലില്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കൈഞരമ്പ് മുറിച്ച മുഹമ്മദ് ഷരീഫ് ഇപ്പോള്‍ ആശുപത്രിയിലാണ്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ചെറിയ മുറിവ് മാത്രമേയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ ഇയാളെ മഞ്ചേരി കോടതിയില്‍ എത്തിക്കും. ഇന്ന് 11 മണിക്ക് ശിക്ഷവിധിക്കുമെന്നായിരുന്നു കോടതി ഇന്നലെ അറിയിച്ചത്.
കാടാമ്പുഴ തുവ്വപ്പാറയില്‍ പൂര്‍ണ ഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ ഷരീഫ് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ടോമി വര്‍ഗീസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പൊലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തെലുകളുമാണ് നിര്‍ണായകമായത്.
2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു.
ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണ് കേസ്. ഒന്‍പതുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കണ്ടുനിന്ന മകന്‍ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.
ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷരീഫ് പിടിയിലായത്. മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞിരുന്നു.