News

സ്വപ്ന കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീ’; ലൈംഗികാരോപണം തള്ളി കടകംപള്ളി സുരേന്ദ്രനും

തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപം നിഷേധിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കി.

കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്ന. 

പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട പാർട്ടി ചടങ്ങിൽ പങ്കെടുത്തിന് ശേഷം മുമ്പ് ജനപ്രതിനിധികൾക്ക് ഒപ്പം സ്വപ്നയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ചായ കുടിച്ചു മടങ്ങി. ഫോട്ടോ എടുത്തപ്പോൾ സ്വപ്നയെ ചേർത്ത് നിർത്തിയെന്ന ആരോപണവും കടകംപള്ളി നിഷേധിച്ചു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങൾ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

മുൻമന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണണൻ അടക്കമുള്ള നേതാക്കൾക്കെതിരെയാണ് സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്. ആരോപണമുയർന്ന ദിവസം എനിക്കൊന്നുമറിയില്ലെന്ന് പ്രതികരിച്ച കടകംപളളിയാണ് ദിവസങ്ങൾ പിന്നിട്ടതോടെ എല്ലാം നിഷേധിച്ച് രംഗത്തെത്തിയത്. തോമസ് ഐസക്കും പി ശ്രീരാമകൃഷ്ണനും സ്വപ്നയുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

അതിനിടെ, ലൈംഗികാരോപണം നിഷേധിച്ച മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന, കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും ഫേസ് ബുക്കിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button