Kacha Badam | സെലിബ്രിറ്റിയല്ല, അങ്ങിനെ കരുതിയതില്‍ ഖേദിക്കുന്നു; മാപ്പ് ചോദിച്ച് ‘കച്ചാ ബദാം’ താരം
കൊല്‍ക്കത്ത: സോഷ്യല്‍ മീഡിയയില്‍ ‘കച്ചാ ബദാം’ (Kacha Badam) ഗാനം സൃഷ്ടിച്ച തരംഗം നിര്‍ത്താതെ മുന്നോട്ടു പോക്കോണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ഖേദ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് വെെറൽ താരം.
സെലിബ്രിറ്റിയെന്ന് കരുതിയതില്‍ ഖേദിക്കുന്നതായി സൃഷ്ടാവ് ഭൂപന്‍ ഭാഡ്യാകര്‍. തന്റെ ‘കച്ചാ ബദാം’ എന്ന പാട്ട് വലിയ തരംഗമായി മാറിപ്പോള്‍ താന്‍ സ്വയം സെലിബ്രിറ്റിയാണെന്ന് കരുതി. അക്കാര്യത്തില്‍ താന്‍ ഇപ്പോള്‍ മാപ്പ് ചോദിക്കുന്നതിയി അദ്ദേഹം പറഞ്ഞു.
താനും തന്റെ പാട്ടും വൈറലായതോടെ കടല വില്‍ക്കുന്നത് അവസാനിപ്പിച്ചെന്ന് ഭൂപന്‍ പറഞ്ഞിരുന്നു. ഒരു സെലിബ്രിറ്റി കടല വില്‍ക്കുന്നത് നാണക്കേടാണ്. താന്‍ പരിഹസിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പഴയ തീരുമാനത്തില്‍ ഖേദം പ്രകടിപ്പിക്കുയാണ് ഭൂപന്‍ ഭാഡ്യാകര്‍.
കച്ച ബദാം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കൗമാരക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ, എല്ലാവരും ഈ ഗാനം ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ബിര്‍ഭൂമിലെ ഒരു വിദൂര ഗ്രാമത്തില്‍ നിലക്കടല വില്‍ക്കുന്നത് മുതല്‍ കൊല്‍ക്കത്തയിലെ ഒരു നിശാക്ലബില്‍ തത്സമയം അവതരിപ്പിക്കുന്നത് വരെ, സ്വപ്നസമാനമായ ഒരു യാത്രയായിരുന്നു ഭൂപന്റേത്.
പശ്ചിമ ബംഗാള്‍ പോലീസ് ഭുബന്‍ ഭട്യാക്കറെ ആദരിച്ചു. സൗരവ് ഗാംഗുലി സംവിധാനം ചെയ്യുന്ന ഒരു റിയാലിറ്റി ഷോയിലേക്ക് അദ്ദേഹത്തിന് നേരത്തെ ക്ഷണം ലഭിച്ചിരുന്നു. ഈ അടുത്ത് കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ താരത്തിന് പരിക്ക് സംഭവിച്ചിരുന്നു.
ഭുപൻ അടുത്തിടെ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങിയിരുന്നു. എന്നാൽ ഡ്രൈവിങ് വശമല്ലാതിരുന്ന ഭൂപൻ കഴിഞ്ഞ ദിവസങ്ങളിൽ കാർ ഓടിക്കാൻ പഠിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും പരുക്കുണ്ടായിരുന്നു.