അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു
ജലന്ധര്‍ :ഇന്ത്യന്‍ കബഡി താരവും ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗല്‍ (40) വെടിയേറ്റു മരിച്ചു. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്. സായുധരായ നാലംഗ അക്രമി സംഘം സന്ദീപിന്റെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മരങ്ങള്‍ക്ക് പിറകില്‍ മറഞ്ഞിരുന്ന് അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സംഘം എട്ടുതവണയോളം നിറയൊഴിച്ചുവെന്നാണ് വിവരം. രാജ്യത്തെ കായിക സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് സന്ദീപിന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്.
മേഖലയില്‍ കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്ദീപ് മുഖ്യ പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടില്‍ താമസമാക്കിയ സന്ദീപ് കബഡി ടൂര്‍ണമെന്റുകളില്‍ അതിഥിയായും ചില വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായാണ് രാജ്യത്തെത്തിയത്. സന്ദീപിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവര്‍ ഇംഗ്ലണ്ടിലാണ്.