പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ കുടുക്കിയത് സെൽഫി. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത് സുഹൃത്തിൻ്റെ ഫോണിലൂടെയായിരുന്നു.
ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാലു ദിവസം മുമ്പെന്നും കണ്ടെത്തി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി.
ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ മുൻഎസ്എഫ്ഐ നേതാവ് കെ വിദ്യ. നോട്ടീസ് കിട്ടിയിരുന്നെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന നടന്നെന്നും വിദ്യ പറഞ്ഞു.
അവിടത്തെ ചില അധ്യാപകർ ഗൂഢാലോചന നടത്തി. അതിന് തുടക്കമിട്ടത് അട്ടപ്പാടി പ്രിൻസിപ്പാളാണ്. അതേ സമയം വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് പറഞ്ഞു.