പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയെ റിമാൻഡ് ചെയ്തു. ജൂലൈ ആറ് വരെയാണ് റിമാൻഡ്. വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കെട്ടിച്ചമച്ച കേസ് എന്നായിരുന്നു വിദ്യയുടെ പ്രതികരണം.
കഴിഞ്ഞ രണ്ടാഴ്ചത്തോളം ഒളിവിൽ കഴിഞ്ഞ വിദ്യയെ പിടികൂടിയത് വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഓഫീസ് സീലും സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലിന്റെ സീലും പോലീസ് പരിശോധിച്ചു.
അഗളി പോലീസ് സ്റ്റേഷനിലേക്കാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയത്. രണ്ടു ദിവസത്തിനുള്ളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അട്ടപ്പാടി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് തുടങ്ങിയിടങ്ങളിൽ തെളിവെടുപ്പ് നടത്തും. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്. വരുംദിവസങ്ങളിൽ തെളിവെടുപ്പ് ഉണ്ടാകും എന്നാണ് വിവരം.
കെട്ടിച്ചമച്ച കേസാണെന്നും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുണ്ടായ കേസാണിതെന്നുമാണ് വിദ്യയുടെ പ്രധാനവാദം. മാധ്യമങ്ങളേയും പൊതുജനങ്ങളേയും തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു, ഒളിവിൽ പോയതായിരുന്നില്ല. വിദ്യയ്ക്ക് നോട്ടീസ് ഒന്നും നൽകിയിരുന്നില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.