KeralaNews

ചോദ്യോത്തര വേളയും കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ ആയുധമാക്കി കെ.ടി.ജലീൽ, വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ ആരോപണം നിയമസഭയിലെ ചോദ്യോത്തര വേളയിലും ആയുധമാക്കി കെടി ജലീൽ. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപത്തെ കുറിച്ചാണ് അദ്ദേഹം ഇന്നും ചോദ്യം ഉന്നയിച്ചത്. എൻആർഐ നിക്ഷേപത്തിന് അനുമതിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാണോയെന്നാണ് ഇന്ന് ജലീൽ ചോദിച്ചത്.

പരിശോധിച്ച് മറുപടി പറയാമെന്നായിരുന്നു ജലീലിന്റെ ചോദ്യത്തോട് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവന്റെ പ്രതികരണം. എന്നാൽ ജലീലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത് വന്നു. ചോദ്യോത്തരവേള വ്യക്തിപരമായ ആരോപണങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എആർ നഗർ സഹകരണ ബാങ്കിലുള്ളത് എൻആർഐ അക്കൗണ്ടാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. പറയാത്ത കാര്യം വളച്ചൊടിച്ചു പറയരുതെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.

നിക്ഷേപകർ സഹകരണ മേഖലയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറുഭാഗത്ത് കേന്ദ്ര സർക്കാർ സഹകരണ മേഖലയെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുകയാണെന്നും നിക്ഷേപങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഡിറ്റ് കുറ്റമറ്റതാക്കുമെന്ന് പറഞ്ഞ മന്ത്രി വാസവൻ, കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനം എങ്ങിനെയെന്ന് നോക്കി വിലയിരുത്തൽ നടത്തുമെന്നും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button