KeralaNews

ഗോൾപോസ്റ്റിലെ കേരളശ്രീ, ഇന്ത്യയുടെ വെങ്കല മതില്‍ ശ്രീജേഷിനെയറിയാം

കൊച്ചി:ഒടുവിൽ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒരു പോഡിയം ഫിനിഷം കൈവന്നിരിക്കുകയാണ്. 41 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചിരിക്കുന്നത്.

ഈ നേട്ടത്തിന് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നത് ഒരു കിഴക്കമ്പലത്തുകാരനോടാണ്. മലയാളിയായ ഇന്ത്യൻ ഗോൾകീപ്പർ പി.ആർ ശ്രീജേഷിനോട്.
1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഇന്ത്യൻ ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസമായിരിക്കുകയാണ് ശ്രീ. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി. 2006 മുതൽ ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ മെഡൽ നേട്ടം.

വ്യാഴാഴ്ച വെങ്കല പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ ര7കനായത് ശ്രീജേഷായിരുന്നു. മത്സരത്തിൽ അവസാന സെക്കൻഡിലെ നിർണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ ഇന്ന് നടത്തിയത്.
ബ്രിട്ടനെതിരായ ക്വാർട്ടറിലും ശ്രീയുടെ ഗോൾകീപ്പിങ് മികവാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തിൽ നടത്തിയത്.

ഒളിമ്പിക്സിന് പോലും യോഗ്യത നേടാനാകാതെ പോയ ദനയനീയാവസ്ഥയിൽ നിന്ന് ഇന്ത്യയുടെ ദേശീയ കായിക വിനോദത്തെ പിടിച്ചുയർത്തിയതിൽ ശ്രീജേഷിന് തന്റേതായ റോളുണ്ടായിരുന്നു. ഒരുകാലത്ത് എതിരാളികൾ ഭയപ്പെട്ടിരുന്ന ടീമിന് ആധുനിക ടർഫിന്റെ വരവോടെയാണ് ആ പ്രതാപം നഷ്ടമാകുന്നത്. എന്നാൽ പതിയെ ഇന്ത്യ അതിനോട് ഇണങ്ങി.

രാജ്യത്തിനായി വിവിധ ടൂർണമെന്റുകളിൽ ഗോൾകീപ്പർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലായിരുന്നു.2016-ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്സിലും ടീമിന്റെ ഭാഗമായി.

കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വർഷത്തിനിടയിൽ ഗോൾകീപ്പറെന്ന പദവി ശ്രീജേഷിൽ വന്നുംപോയും കൊണ്ടേയിരുന്നു.

സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ൽ ചൈനയിലെ ഒർഡൊസ് സിറ്റിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ പാകിസ്താനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.

അതിനുശേഷം ഇന്ത്യയുടെ ഗോൾകീപ്പറുടെ ജേഴ്സിയിൽ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പിൽ ഇന്ത്യ രണ്ടാമതെത്തിയപ്പോൾ മികച്ച രണ്ടാമത്തെ ഗോൾകീപ്പറെന്ന അവാർഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.

പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിലും 2014-ലെ ലോകകപ്പിലും ഏറെ പിന്നോട്ടു പോയ ഇന്ത്യൻ ഹോക്കി ഏറെ പഴികൾ കേൾക്കേണ്ടി വന്നു. അവിടെ നിന്ന് ഇന്ത്യൻ ടീമിന്റെ രക്ഷക്കെത്തിയത് ശ്രീജേഷായിരുന്നു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാകിസ്താനെതിരായ ഫൈനൽ ഇന്ത്യക്ക് എല്ലാ അർഥത്തിലും വിജയിച്ചേ മതിയാകുമായിരുന്നുള്ള. പെനാൽറ്റിയിലേക്ക് നീങ്ങിയ മത്സരത്തിനൊടുവിൽ പാകിസ്താന്റെ രണ്ട് പെനാൽറ്റി സ്ട്രോക്സ് തടഞ്ഞ് ശ്രീജേഷ് ഇന്ത്യയുടെ ഹീറോ ആയി.

തുടർന്ന് ലണ്ടനിൽ ജൂൺ പത്ത് മുതൽ പതിനേഴ് വരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ യുവതാരങ്ങളടങ്ങിയ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള നിയോഗം ശ്രീജേഷിനായിരുന്നു. സീനിയർ താരങ്ങൾക്ക് ഒളിമ്പിക്സിന് തയ്യാറെടുക്കുന്നതിന് വിശ്രമം അനുവദിച്ച പ്രഖ്യാപിച്ച ടീം എന്നാൽ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനവുമായി ലണ്ടനിൽ രണ്ടാം സ്ഥാനത്തെത്തി. ബ്രിട്ടനെതിരെയും ദക്ഷിണ കൊറിയക്കെതിരെ നേടിയ വിജയങ്ങളും കരുത്തരായ ജർമനിക്കെതിരെ നേടിയ സമനിലയും ഇന്ത്യയെ ഫൈനലിലെത്തിച്ചു.

കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ശ്രീജേഷിനെ കാത്തിരുന്നത് റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നയിക്കാനുള്ള ദൗത്യമായിരുന്നു.നായകൻ സർദാർ സിംഗ് ലൈംഗിക വിവാദത്തിൽ പെട്ടതും നായകസ്ഥാനത്തേക്കുള്ള ശ്രീജേഷിന്റെ വരവ് എളുപ്പമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker