മലപ്പുറം: മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ.ടി ജലീല്‍ എം.എല്‍.എ. കോടിക്കണക്കിന് രൂപയുടെ കളളപ്പണ നിക്ഷേപം കുഞ്ഞാലിക്കുട്ടിയ്ക്കുണ്ടെന്ന് ആരോപിച്ച ജലീല്‍ എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നതായും പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ പണമാണിതെന്നും പലരുടെയും പേരിലാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ജലീല്‍ ആരോപിച്ചു.
മലപ്പുറം എ. ആര്‍ നഗര്‍ സഹകരണ ബാങ്ക് നടത്തിപ്പുകാരന്‍ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. ആകെ 600 കോടിയിലധികം രൂപയുടെ കളളപ്പണം ഇവിടെയുണ്ട്. പുതിയ ലീഗ് നേതൃത്വത്തിന് സാമ്ബത്തിക കാര്യത്തില്‍ ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താനായിട്ടില്ലെന്നും കെ.ടി ജലീല്‍ പരിഹസിച്ചു.
തങ്ങളുടെ കുടുംബത്തില്‍ നിന്ന് തന്നെ നേതൃത്വത്തിനെ ഒരു അപശബ്ദമുണ്ടായത് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചരിത്രത്തിലും ഇത് ആദ്യത്തെ സംഭവമാണ്. പ്രലോഭനത്തിന് വഴങ്ങാത്തവര്‍ ലീഗിലുണ്ട് എന്നതിന്റെ ഉദാഹരണമാണിതെന്നും കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു.
സത്യം വിളിച്ചുപറയുന്നവരെ ഗളച്ഛേദം ചെയ്യാനുളള കുഞ്ഞാലിക്കുട്ടിയുടെ പ്‌ളാന്‍ നടക്കാന്‍ പാടില്ലാ എന്ന നിലപാടാണ് തന്റെതെന്ന് മൊയീന്‍ അലി തങ്ങളെ പിന്തുണച്ച നടപടിയെ കുറിച്ച് ജലീല്‍ പറഞ്ഞു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ദേവി എന്ന അംഗണവാടി ടീച്ചറുടെ അക്കൗണ്ടില്‍ പോലും 80 ലക്ഷം രൂപ നിക്ഷേപിച്ചതായും ജലീല്‍ ആരോപിച്ചു.
കേരളബാങ്കില്‍ മലപ്പുറത്തെ ലീഗിന്റെ നേതൃത്വത്തിലുളള പല സഹകരണ ബാങ്കുകളും ചേരാന്‍ വിസമ്മതിച്ചതിന് കാരണം ഈ കളളപ്പണ നിക്ഷേപമാണെന്നും ജലീല്‍ പറഞ്ഞു. എ.ആര്‍ നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തെ കുറിച്ച് സത്യം പുറത്തുവന്നാല്‍ ഹരികുമാറിനെ അപായപ്പെടുത്താനിടയുണ്ടെന്ന് ജലീല്‍ പറഞ്ഞു.