കൊച്ചി: സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി നൽകിയ മൊഴിയെ പരിഹസിച്ച് തള്ളി മുൻമന്ത്രി കെ ടി ജലീൽ. ”സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..”, എന്നായിരുന്നു ജലീലിന്‍റെ പ്രതികരണം. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.
ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമടക്കം കള്ളപ്പണ ഇടപാട് കേസിലെ പങ്കിനെക്കുറിച്ച് വിശദമായ രഹസ്യമൊഴി നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും സ്വപ്ന എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ല എന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയത്. കൂടുതലൊന്നും പറയാതെ ശ്രദ്ധയോടെയാണ് എൽഡിഎഫ് വൃത്തങ്ങൾ ഈ വാർത്തയോട് പ്രതികരിക്കുന്നത്. അങ്ങനെ പലരും പലതും പറയും. വഴിയിൽകൂടി പോകുന്നവർ പറയുന്നതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്ന് എ.വിജയരാഘവൻ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വൻ മാധ്യമപ്പടയാണ് സ്വപ്ന സുരേഷിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതികരണം തേടാനായി തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായിരുന്നത്. എന്നാൽ പതിവിന് വിപരീതമായി വടമിട്ട് കെട്ടി, ബാരിക്കേഡ് വച്ച് തിരിച്ച്, കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പുറത്തേക്ക് വന്നത്. മാധ്യമപ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്തേക്ക് പോകാനാകുമായിരുന്നില്ല. ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത് എന്ന് മാധ്യമപ്രവർത്തകർ പറയുമ്പോഴും കേട്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി പുറത്തേക്ക് നടന്നു. ഒരു വാക്ക് പോലും പ്രതികരിക്കാൻ തയ്യാറാകാതെയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്.
ഇതല്ല, ഇതിനപ്പുറവുമുള്ള മൊഴികൾ പുറത്ത് വന്നതല്ലേ, ഇതൊന്നും കാര്യമാക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പ്രതികരിച്ചത്. ഇതേക്കുറിച്ച് വേറൊന്നും പറയാനില്ലെന്നും എം ശിവശങ്കർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്രയാണെന്നും മറ്റൊന്നിനെക്കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ ഐഎഎസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കൊച്ചിയിൽ മാധ്യമങ്ങളെ കാണവേ ഉന്നയിച്ചത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.