തൃശൂർ: കുന്നുംകുളത്ത് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലിൽക്കൂടി കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കെ-സ്വിഫ്റ്റ് ബസ് ഇതിന് മുൻപ് രണ്ട് തവണ അപകടത്തിൽപ്പെട്ടിരുന്നു. ആദ്യമുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകുമെന്നും കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആർടിസി എം.ഡി പറഞ്ഞത്.
തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് ആദ്യം അപകടമുണ്ടായത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിരുന്നു. കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രിയാണ് ഫ്ളാഗ്ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക.