തൃശൂര്‍: കൊടകര കുഴല്‍പ്പണകേസിലെ പരാതിക്കാരന്‍ ധര്‍മരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ധര്‍മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവരാനുള്ള ചുമതല ധര്‍മരാജന് ഉണ്ടായിരുന്നു. എന്നാല്‍ കുഴല്‍പ്പണത്തെ കുറിച്ച് അറിയില്ലെന്നാണ് ദിപിനും ലബീഷും മൊഴി നല്‍കിയത്. നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ മൊഴി ഇരുവരും ആവര്‍ത്തിക്കുകയാണ് ചെയ്തത്.
ഫോണ്‍ വിളികള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങള്‍ക്കും സംഘടനാ പരമായ കാര്യങ്ങള്‍ക്കും വേണ്ടിമാത്രമാണ് ധര്‍മരാജനെ വിളിച്ചതെന്നാണ് സെക്രട്ടറിയും ഡ്രൈവറും നല്‍കിയ മൊഴി.
എന്നാല്‍ ഇരുവരുടെയും മൊഴികള്‍ പൂര്‍ണമായും അന്വേഷണ സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. ധര്‍മരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരില്‍ ഇയാള്‍ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.
കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തുന്നതിന്റെ സൂചനകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നുണ്ട്. കേസിലെ പ്രതി ദീപകില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ കൊടുങ്ങല്ലൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ റിജിലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.