ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയില്ലാത്ത ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിന് മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മന്ത്രി രാജിവെച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയില്‍ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്ല്യ പങ്കാണുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയത്. സ്പിംഗ്ലര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാല്‍ പിടിക്കപ്പെടുമ്പോള്‍ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്താറുള്ളത്.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീല്‍ രാജിവെച്ചതു കൊണ്ടു മാത്രം ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഇടതു സര്‍ക്കാരിന് സാധിക്കില്ല. ബന്ധുവിനെ നിയമിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലന്‍ ചോദിക്കുന്നത്. ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഐഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.
അല്‍പ്പ സമയം മുന്‍പാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന്‍ വഴി ജലീല്‍ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് സുരേന്ദ്രന്‍ പ്രസ്താവന ഇറക്കിയത്.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.ടി ജലീലിന് രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു.