കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ ബി.ജെ.പി. സ്ഥാനാർത്ഥി ആയിരുന്ന സി.കെ. ജാനുവിന് 10 ലക്ഷം രൂപ നൽകിയെന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖ സംബന്ധിച്ച് വ്യക്തത വരുത്താതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജെ ആർപി നേതാവ് പ്രസീതയുമായി നടത്തിയ ടെലഫോൺ സംഭാഷണം സുരേന്ദ്രൻ പൂർണമായും തള്ളിയില്ല. എന്നാൽ അതിലെ ശബ്ദം തന്റേതല്ലെന്ന് അദ്ദേഹം ആരോപിക്കുകയും ശബ്ദരേഖ പൂർണമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഓഡിയോയിലുള്ളത് തന്റെ ശബ്ദമാണെന്ന് സമ്മതിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകൂ. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും, സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബി.ജെ.പി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സ്വാതന്ത്ര്യവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.