തിരുവനന്തപുരം: ദല്‍ഹിയില്‍ ഒരുവിഭാഗം ആളുകള്‍ പൗരത്വ നിയമ വിരുദ്ധമെന്ന പേരില്‍ നടത്തിവരുന്ന അക്രമ സമരം രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സൈ്വര്യ ജീവിതവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യാ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമാകുന്നതോടെ നമ്മുടെ രാജ്യത്തിന് നിരവധി നേട്ടങ്ങളാണുണ്ടാകുന്നത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനം രാജ്യത്തുണ്ടാക്കിയ ചലനം അത് വ്യക്തമാക്കുന്നതാണ്. ഈ നേട്ടത്തില്‍ വിറളിപൂണ്ടവരാണ് അക്രമ സമരം നടത്തി ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്ത് നടന്നുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങളെല്ലാം അപ്രസക്തമായി. നിയമത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ ജനങ്ങള്‍, അവരെ വഴിതെറ്റിക്കാന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരെ നിരാകരിച്ച് പൗരത്വനിയമ ഭേദഗതിയെ അംഗീകരിച്ചു.
വളരെ ന്യൂനപക്ഷങ്ങളായ ചിലര്‍ നടത്തുന്ന അക്രമ സമരങ്ങള്‍ മാത്രമാണിപ്പോള്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മാത്രം നടന്നുവരുന്നത്. ദല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ച് രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്ഭവനുമുന്നില്‍ ചിലര്‍ നടത്തുന്ന സമരത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സമീപനവും അതിനു തെളിവാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.