തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇവിടെയുള്ള മത സംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മത സംഘടനകള്‍ക്ക് മുന്നില്‍ സർക്കാർ മുട്ടുമടക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നതിൽ നിന്നും സർക്കാർ പിൻമാറിയത് ഭീരുത്വമാണെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിൽ
പ്രതി ചേർക്കപ്പെട്ടിട്ടുണ്ട് പക്ഷെ അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹത്തിനെതിരെ സര്‍വീസ് നടപടിയെടുത്തിരുന്നു, പിന്നീട് തിരിച്ചെടുത്തു. പിന്നെ അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നത് എന്ത് ന്യായമാണെന്നും സുരേന്ദ്രൻ ചോദിച്ചു.
‘നടൻ ദിലീപിനെതിരെ ഒരു കേസുണ്ട് എന്ന കുരുതി ദിലീപിനോട് ഒരു സിനിമയിലും അഭിനയിക്കരുതെന്ന് പറയാന്‍ പറ്റുമോ, ദിലീപിനെതിരെയുള്ള കേസ് ശരിയായി അന്വേഷിച്ച് കുറ്റം തെളിയിച്ച് ശിക്ഷിക്കണം. അതാണ് നിയതമായ മാര്‍ഗം. ശ്രീറാം വെങ്കിട്ടരാമന്‍ ഒരു ജില്ലയിലും കളക്ടര്‍ ആകാന്‍ പാടില്ല. സിപിഐക്കാര് പറയുകയാണ് അയാള്‍ ഭക്ഷ്യസിവില്‍ സപ്ലൈസിലും ജോലി ചെയ്യാന്‍ പാടില്ലെന്ന്, അത് എന്ത് ന്യായമാണ്. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക’ സുരേന്ദ്രൻ ചോദിച്ചു.
‘ശ്രീറാം വെങ്കിട്ടരാമന് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് ആരാണ് തീരുമാനിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് മത സംഘടനകളല്ല. ചില ആളുകള്‍ തീരുമാനിക്കുന്നത് നടക്കുകയുള്ളൂ എന്ന നില വന്നാല്‍ എന്ത് കാര്യമാണ് മുന്നോട്ട് പോവുക. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല. ആ കേസ് തെളിയണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. നിരപരാധിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മത സംഘടനകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കരുതി മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു.’
‘വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നു എന്ന് പറഞ്ഞത് നവോത്ഥാന തീരുമാനം എന്ന് പറഞ്ഞാണ്. എന്തിനാണ് നവോത്ഥാന നായകന് ഇടക്കിടെ കാലിടറുന്നത്. മതസംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. നവോത്ഥാന സര്‍ക്കാര്‍ എന്നല്ല പറയേണ്ടത് നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടത്. തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അറിയണം. അതിന് കഴിയാത്തവരെ ഇരട്ടചങ്കനെന്ന് ആരെങ്കിലും വിളിക്കുമോ.’ കെ സുരേന്ദ്രൻ കൂട്ടിചേർത്തു.