തിരുവനന്തപുരം;രാജ്യം കോവിഡിനെ പൊരുതി തോൽപ്പിക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസിന്റെ 68% വും കേരളത്തിലാണ്.
അശാസ്ത്രീയമായ കോവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളുമാണ് കേരളത്തെ വൻദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോർട്ട് ചെയ്ത കേരളം രാജ്യത്തിന് അപമാനകരമാണെന്നും അദ്ദഹം പറഞ്ഞു.
കേരളത്തിൽ 31,445 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ വെറും 5,031 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയിൽ രോഗികളുടെ എണ്ണം 19 മാത്രമാണ്.
കേരളം നമ്പർ വൺ എന്ന പി.ആർ പ്രചരണത്തിന് വേണ്ടി കോടികൾ ചിലവഴിച്ച സംസ്ഥാന സർക്കാർ കേന്ദ്രം നൽകിയ വാക്സിൻ പോലും തങ്ങളുടെ ഇഷ്ടക്കാർക്കാണ് വിതരണം ചെയ്തത്. മുൻഗണനാക്രമങ്ങൾ തെറ്റിച്ച് ഭരിക്കുന്ന പാർട്ടിക്കാർ വാക്സിൻ എടുക്കുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയിലായിരുന്നു മലയാളികൾ.
വാക്സിൻ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തിരിച്ചടിയായി. വാക്സിൻ സ്വീകരിച്ച 20,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി. കോവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസർക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്നും വിമർശനം.