തിരുവനന്തപുരം: പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപിക്ക് വോട്ട് ചെയ്തവര്‍ തെറ്റ് തിരുത്തണമെന്നാണ് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്. ക്രൈസ്തവ സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സംസാര രീതിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മണിപ്പൂര്‍ വിഷയമൊന്നും ക്രിസ്ത്യാനികള്‍ ഏറ്റെടുക്കാതിരുന്നതിന്റെ ചൊരുക്കാണിതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
മുസ്‌ലിം പ്രീണനം ഞങ്ങള്‍ നിര്‍ത്തില്ലെന്നും ബിജെപിയുടെ ജനകീയ മുന്നേറ്റത്തെ എന്ത് വില കൊടുത്തും തടയുമെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. ജനാധിപത്യവിരുദ്ധമായ പ്രസ്താവനയാണിതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ക്രൈസ്തവ നേതൃത്വത്തെ അടച്ചാക്ഷേപിക്കുകയാണ്.
വിദേശഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് ക്രൈസ്തവര്‍ ബിജെപിക്ക് വോട്ട് ചെയ്തതെന്ന വാദം അങ്ങേയറ്റത്തെ അവഹേളനമാണ്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഇടതുപക്ഷത്തിന് വോട്ട് ചെയ്തത് എന്ത് ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വടകരയില്‍ കെ കെ ശൈലജ പരാജയപ്പെട്ടത് അടുത്ത മുഖ്യമന്ത്രിയാക്കാനാണെന്ന് പി ജയരാജന്‍ പറയുന്നത്. മുഖ്യമന്ത്രിയാകാതിരിക്കാനാണോ ശൈലജയെ പിണറായി വടകര സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് സിപിഐഎം പറയട്ടെയെന്നും തെരഞ്ഞെടുപ്പിലെ വന്‍ പരാജയം നേതാക്കളെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.