കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്‍കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലൈഫ് മിഷന്റെ പേരില്‍ മുഖ്യമന്ത്രി ഉപഭോക്താക്കളെ സമ്മേളനം വിളിച്ചു ആഘോഷം നടത്തുകയാണ്. ഒരു കാര്യവും ചെയ്യാതെയാണിത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) അട്ടിമറിച്ചാണ് സംസ്ഥാനം ലൈഫ് നടപ്പാക്കുന്നത്.
ലൈഫ് പദ്ധതിയില്‍ മൂന്നു ലക്ഷം രൂപയാണ് നഗരപരിധിയില്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോഴത് നാലു ലക്ഷം രൂപയാക്കി ഉയര്‍ത്തി. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയ അന്‍പതിനായിരം മാത്രമാണ് വിഹിതമായി നല്‍കുന്നത്. നേരത്തെ മൂന്നു ലക്ഷമായിരുന്നപ്പോള്‍ ഒന്നര ലക്ഷം രൂപയാണ് കേന്ദ്രം നല്‍കിയിരുന്നത്.
അന്‍പതിനായിരം രൂപ വീതം ഗുണഭോക്താവും തദ്ദേശ സ്വയംഭരണസ്ഥാപനവും സംസ്ഥാന സര്‍ക്കാരും വിഹിതമായി നല്‍കി. തുക നാലു ലക്ഷമാക്കി ഉയര്‍ത്തിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അന്‍പതിനായിരം രൂപമാത്രമാണ് നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം ഒന്നര ലക്ഷം രൂപയാണ്. ഗുണഭോക്താവിന്റെ അന്‍പതിനായിരം ഒഴിവാക്കി. പകരം തദ്ദേശ സ്വയംഭരണസ്ഥാപന വിഹിതം ഒരു ലക്ഷമാക്കി ഉയര്‍ത്തി. ബാക്കി തുക ഹഡ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ലോണ്‍ ആക്കി മാറ്റുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് അധികം ചെലവില്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള കണ്‍കെട്ട് വിദ്യയാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിഎംഎവൈ റൂറലും അര്‍ബണും അട്ടിമറിച്ചാണ് ലൈഫ് ഭവനനിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, മുന്‍ ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.