തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരളം കോവിഡില്‍ വലയുമ്പോള്‍ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താല്‍ ജനദ്രോഹപരമാണെന്ന് സുരേന്ദ്രന്‍ പറയുന്നു.
കര്‍ഷക സമരക്കാര്‍ ഉയര്‍ത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കോവിഡില്‍ നടുവൊടിഞ്ഞ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്നു സമരക്കാരും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നവരും സര്‍ക്കാരും ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെയും സുരേന്ദ്രന്‍ വിമര്‍ശനവുമായി രംഗത്തെത്തി.
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കണം. കേരളത്തില്‍ ടിപിആര്‍ കുറയുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. കോവിഡിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികളില്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ അവസരമുണ്ടാക്കരുത്. നവംബര്‍ 1ന് തന്നെ സ്‌കൂള്‍ തുറക്കണമെന്ന വാശി എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.