കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇടത് വലത് മുന്നണികളെ അങ്കലാപ്പിലാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസിന് വരേണ്യ മനസാണ്. അവർ മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. പിന്നാക്കക്കാരൻ വടക്കുംനാഥൻ്റെ മണ്ണിൽ എത്തിയതാണ് പ്രശ്നം. അതുകൊണ്ടാണ് ചാണക വെള്ളം തളിച്ച് അവർ പ്രതിഷേധിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
രാഷ്ട്രപതിയോടും ഉപരാഷ്ട്രപതിയോടും കോൺഗ്രസിന് അതേ സമീപനമാണ്. കോൺഗ്രസിന് അസഹിഷ്ണുതയാണ്. രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും വരേണ്യ മനോഭാവമാണ്. തൃശൂരിൽ കണ്ടത് അതേ മനോഭാവമാണ്. മോദിയുടെ ഗ്യാരൻ്റി വികസനത്തിനാണ്, അല്ലാതെ വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
കേരളത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ ബന്ധമുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.