കൊച്ചി: അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തരുതെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ രംഗത്ത്. എ കെ ആന്‍റണിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണ്. ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാർട്ടി ആണ് കോൺഗ്രസ്.
രാമക്ഷേത്ര നിർമാണത്തിന് എതിരായ നിലപാട് കോൺഗ്രസ് എടുത്തു. രാമ സേതു ഇല്ല എന്ന് സുപ്രീം കോടതിയിൽ സത്യ വാങ്മൂലം നൽകി. മാറാട്
തോമസ് ജോസഫ് കമ്മീഷൻ കണ്ടെത്തൽ തള്ളിയ ആളാണ് ആന്‍റണി. പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിക്കുന്ന നിലപാട് എടുത്തു. ന്യൂന പക്ഷ വർഗീയതയെ ഉള്ളിൽ താലോലിക്കുന്ന ആളാണ് ആന്‍റണിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎമ്മും യുഡിഎഫും തമ്മിൽ വ്യത്യാസമില്ല. ഷുക്കൂർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം ഗൗരവതരമാണ്. ഇവർ പരസ്പര സഹകരണ സംഘം ആയി പ്രവർത്തിക്കുന്നു. ലീഗ് എൽഡിഎഫില്‍ പോകും. ലീഗ് യുഡിഎപില്‍ ഉള്ളപ്പോഴും സിപി എമ്മിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
എ കെ ആന്‍റണിക്ക് പിന്തുണയുമായി കെ മുരളീധരൻ എം പി രംഗത്തെത്തി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോൾ സെയിൽ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സ്ഥാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.