KeralaNews

വയനാട് സീറ്റ് നല്‍കാമെന്ന് കെ.പി.സി.സി, പ്രസിഡണ്ട് സ്ഥാനം വേണമെന്ന് മുരളീധരന്‍; അനുനയിപ്പിക്കാൻ സുധാകരൻ മുരളിയുടെ വീട്ടിലേക്ക്‌

കോഴിക്കോട്: തൃശ്ശൂരിലെ യു.‍ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനെ അനുനയിപ്പിക്കാൻ കെ.പി.സി.സി. അദ്ദേഹത്തെ അനുനയിപ്പിക്കാൻ കെ.പി.സി.സി അധ്യക്ഷനും നിയുക്ത കണ്ണൂർ എം.പി.യുമായ കെ. സുധാകരൻ നേരിട്ടെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് കോഴിക്കോട്ടാണ് കൂടിക്കാഴ്ച.

ഉപതിരഞ്ഞെടുപ്പ് നടന്നേക്കാവുന്ന വയനാട് സീറ്റാണ് ഫോർമുലയെങ്കിലും ഇത് മുരളീധരൻ ഏറ്റെടുക്കില്ലെന്നാണ് റിപ്പോർട്ട്. വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ​ഗാന്ധിക്ക് അനുകൂലമായി എ.ഐ.സി.സി. തീരുമാനം വരാൻ സാധ്യതയുണ്ടെന്നിരിക്കെ കെ.പി.സി.സി അധ്യക്ഷസ്ഥാനം അദ്ദേഹം ആവശ്യപ്പെട്ടേക്കും. പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച മുരളീധരനെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനാണ് നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതായതിനെത്തുടർന്ന് സംഘടനയ്ക്കെതിരേ മുരളീധരൻ രം​ഗത്തെത്തിയിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസുമെത്തി. ഇക്കാര്യങ്ങളും ഇന്ന് ചർച്ചയായേക്കും. ഇതോടെ തോൽവി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. പല നേതാക്കളുടെയും പദവികൾ തെറിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. 412338 വോട്ടുകളും അദ്ദേഹം നേടി. അതേസമയം, വൻ വിജയപ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് തൃശ്ശൂരിലെ കോൺ​ഗ്രസിൽ കലഹമാരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button