KeralaNews

സസ്‌പെന്‍സ് പൊളിച്ച് സുധാകരന്‍,മുസ്ലീം ലീഗിന് രാജ്യസഭാ സീറ്റ് ഓഫര്‍;മൂന്നാം സീറ്റില്ല

കൊച്ചി: രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വെച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

‘സതീശന്‍ പറഞ്ഞില്ലേ. അത് തന്നെയാണ് ഔട്ട്കം. ഒരു ഓഫറാണ് മുന്നിലേക്ക് വെച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താല്‍ അത് എടുക്കുമോയെന്ന് അവര്‍ പറഞ്ഞിട്ടില്ല. തങ്ങളുമായി സംസാരിച്ച ശേഷമെ മറുപടി പറയുകയുള്ളൂ.’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കെ സുധാകരന്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ മുസ്ലിം ലീഗോ പ്രതിപക്ഷ നേതാവോ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ സസ്‌പെന്‍സ് പൊളിച്ചായിരുന്നു കെ സുധാകരന്റെ പ്രതികരണം.

ചര്‍ച്ചയില്‍ രണ്ട് വിഭാഗവും സംതൃപ്തരാണെന്നും നെഗറ്റീവ് ആയിട്ടുള്ള ഒരു കാര്യവും നടന്നിട്ടില്ലെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ചര്‍ച്ചകള്‍ ഭംഗിയായി പൂര്‍ത്തിയായി. രണ്ട് വിഭാഗവും പരസ്പരം ഉള്‍ക്കൊണ്ടു. ലീഗിന്റെ പിന്നാലെ സിപിഐഎം പണ്ട് മുതലേ നടക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

ചര്‍ച്ച തൃപ്തികരമെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇന്നത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ 27 ാം തിയ്യതി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം അറിയാം. കോണ്‍ഗ്രസുമായി ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘ചര്‍ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്‍ച്ചയായിരുന്നു. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങള്‍ പിന്നീട് പറയും.’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button