ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരൻ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് സുധാകരൻ. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർത്തു. മാത്രമല്ല, ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങി.
ഉച്ചയോടെ തന്നെ ഈ കുടിശ്ശികകൾ തീർത്താൽ ബാധ്യതാരഹിത സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകും. കുടിശ്ശിക തീർത്താൽ മാത്രമേ ബാധ്യതാരഹിത സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികൾ ചെയ്യാറുള്ളത്. സുധാകരൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സുപ്രധാനമായ നടപടികളിലേക്ക് കടന്നിരിക്കുന്നു എന്നു തന്നെയാണ് ഇത് അർഥമാക്കുന്നത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരൻ കടുത്ത അതൃപ്തിയിലാണ്. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഇപ്പോഴും ഒരു അനുനയത്തിനും വഴങ്ങുന്നില്ല. രമേശ് ചെന്നിത്തലയും കോൺഗ്രസ് എംപിമാരിൽ ചിലരും കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, സുധാകരൻ ഇവരെ തന്റെ അതൃപ്തി ശക്തമായ ഭാഷയിൽ അറിയിച്ചതായാണ് വിവരം. തനിക്ക് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന വികാരം അദ്ദേഹത്തിനുണ്ട്. കണ്ണൂരിലെ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും സുധാകരൻ ഉന്നയിക്കുന്നുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെയുള്ള ചില മണ്ഡലങ്ങളിൽ താൻ നിർദ്ദേശിച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താത്തതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് പ്രധാന നേതാക്കൾക്ക് അദ്ദേഹം നൽകിയ പേരുകൾ പാടെ അവഗണിച്ചുവെന്ന പരാതി സുധാകരൻ ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ പങ്കുവെച്ചതായാണ് അറിവ്.
English Summary: Defying the Congress leadership’s attempts at reconciliation, K. Sudhakaran MP has moved forward with preparations to contest the upcoming Kerala Assembly Elections. His office has initiated procedures to clear all outstanding dues at Kerala House and the CPWD in Delhi to obtain the mandatory ‘No Dues Certificate’ required for filing nomination papers. Sudhakaran remains firm in his decision to contest, reportedly expressing deep dissatisfaction over being sidelined in candidate selection discussions for the Kannur seat. Despite meetings with senior leaders like Ramesh Chennithala, Sudhakaran maintains that the promises made to him were not honored.


