കണ്ണൂര്‍: ധര്‍മ്മടത്ത് കെ. സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയായേക്കും. ധര്‍മ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കെ.പി.സി.സിയും ഇക്കാര്യം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ രംഗത്തെത്തി. മത്സരിക്കില്ലെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പിന്നീട് നിലപാട് മയപ്പെടുത്തി. സുധാകരന്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങുമെന്നാണ് വിവരം.
അതേസമയം ധര്‍മടത്ത് മല്‍സരിക്കാന്‍ കെ. സുധാകരനുമേല്‍ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കരുത്തനായ സ്ഥാനാര്‍ഥി ധര്‍മടത്ത് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സാധ്യത തള്ളാതെ സുധാകരനും രംഗത്തെത്തി. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചിന്തിച്ച് ഉടന്‍ തീരുമാനം പറയാമെന്നും സുധാകരന്‍ നേതാക്കളെ അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി പറയുമ്പോള്‍ നിഷേധിക്കാന്‍ പ്രയാസമുണ്ട്. തയാറെടുപ്പിനുള്ള ആവശ്യത്തിന് സമയം കിട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.